Canara Bank   The Special

ഗോദ

godhaകണ്ണാടിക്കല്‍ ഗ്രാമത്തിലെ മനേത്തുവയല്‍ ഗുസ്തി മത്സരത്തിനു പേരുകേട്ട സ്ഥലമാണ് കൊയ്ത്തു കഴിഞ്ഞ് ഈ വയലില്‍ കൊട്ടക കെട്ടി ഗുസ്തി മത്സരങ്ങള്‍ നടത്തുക പതിവായിരുന്നു. ഇവിടെയുള്ളവര്‍ക്ക് ഗുസ്തി കായിക വിനോദം മാത്രമല്ല , ഒരു വികാരം കൂടിയാണ് പേരുകേട്ട ഗുസ്തിക്കാര്‍ ഇന്നും ഈ നാട്ടിലുണ്ട്. അവരില്‍ പ്രമാണിയാണ് ക്യാപ്റ്റന്‍. ക്യാപ്ടന്റെ ധൈര്യവും കരുത്തും ഇന്നും ചെറുപ്പക്കാര്‍ക്ക് ഹരമാണ്.

കാലം മാറിയപ്പോള്‍ ചെറുപ്പക്കാര്‍ ഗുസ്തിക്കു പകരം ക്രിക്കറ്റില്‍ ആവേശം കണ്ടെത്തി. കളിക്കളമായി അവര്‍ ഗുസ്തി നടത്തുന്ന ഗോദ തെരഞ്ഞെടുത്തു. പക്ഷേ ക്യാപ്ടനും കൂട്ടുകാരും അത് സമ്മതിച്ചുകൊടുത്തില്ല. നാടിന്റെ അഭിമാനമായ ഗോദ മറ്റൊരു കളിക്ക് വിട്ടുകൊടുക്കുകയില്ലെന്ന് ക്യാപ്ടന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ച ചെറുപ്പക്കാര്‍ ക്യാപ്ടന്റെ കൈക്കരുത്തിനു മുമ്പില്‍ പരാജിതരായി.   പ്രശ്‌നം അവിടം കൊണ്ട് തീര്‍ന്നില്ല. അതു ക്രമേണ ഗ്രാമത്തിന്റേയും ക്യാപ്ടന്റെ കുടുംബത്തിന്റേയും പ്രശ്‌നമായി വളര്‍ന്നു. കാരണം ക്രിക്കറ്റ് പ്രേമികളുടെ നേതാവ് ക്യാപ്ടന്റെ മകനായിരുന്നു. മാത്രമല്ല, ആ കൂട്ടത്തില്‍ ക്യാപ്ടന്റെ മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. കളിക്കളത്തെ ചൊല്ലിയുള്ള പ്രശ്‌നം ക്രമേണ കുടുംബത്തിലേക്കും കടന്നു ചെല്ലുന്നു.   അങ്ങനെ പഴയ തലമുറയുടെ ഗുസ്തിയും പുതിയ തലമുറയുടെ ക്രിക്കറ്റു തമ്മിലുള്ള സംഘര്‍ഷം ആ ഗ്രാമത്തില്‍ ഒരു പുതിയ അങ്കം കുറിച്ചു. തുടര്‍ന്ന് അവിടെയുണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് കായിക വിനോദത്തിന്റെ പശ്ചാത്തലത്തില്‍ ഗോദ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

കുഞ്ഞിരാമായണം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദ ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിക്കുന്നു. ക്യാപ്ടനായി രഞ്ജിപണിക്കരും മകന്‍ ദാസനായി ടൊവിനോ തോമസും വേഷമിടുന്നു. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, ശ്രീജിത്ത്, രവി, ബിജുക്കുട്ടന്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, ബോള്‍ഗാട്ടി, കോട്ടയം പ്രദീപ്, ഹരീഷ് പേരാടി, ദിനേശ് പ്രഭാകര്‍, മാമുക്കോയ, ഹരിശ്രീ മാര്‍ട്ടിന്‍, ആലിക്കോയ, ലുക്ക്മാന്‍, അത്തീഫ് റയ്യാന്‍, സുരേഷ്, മിന്നല്‍ ജോര്‍ജ്ജ്, ടി. പാര്‍വ്വതി, ഗൗരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.    പഞ്ചാബിയായ വാമിക ഗബ്ബിയാണ് നായിക. കഥയില്‍ പഞ്ചാബി പെണ്‍കുട്ടിയായി തന്നെ അഭിനയിക്കുന്ന വാമിക ഈ ചിത്രത്തിനുവേണ്ടി ആറു മാസം ഗുസ്തി പരിശീലനം നടത്തി. ആദ്യമായി മലയാള ചിത്രത്തില്‍ അഭിനയിക്കുന്ന വാമിക അദിഥി സിംഗ് എന്ന പഞ്ചാബി കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇ-ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത നിര്‍മ്മിക്കുന്ന ഗോദ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രാഗേഷ് മണ്ടോടി എഴുതുന്നു. വിഷ്ണുശര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാനങ്ങള്‍ മനു മഞ്ജിത്ത് രചിച്ച് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്നവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin