Canara Bank   The Special
Home » ഫീച്ചര്‍ » ഓണം- മലയാളിയുടെ ആത്മവഞ്ചന

ഓണം- മലയാളിയുടെ ആത്മവഞ്ചന

onan
‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ’ ഈ ഈരടികള്‍ കേള്‍ക്കാത്ത മലയാളി ഭൂമുഖത്തില്ല. രാമരാവണ യുദ്ധത്തില്‍ ദൈവത്തിന്റെ അവതാരമായ രാമന്റെ കൂടെ നിന്ന കേരളീയര്‍ മഹാബലിയുടെ കാര്യത്തില്‍ ദൈവത്തിന്റെ തന്നെ അവതാരമായ വാമനനെ തള്ളിപ്പറയുകയും ഒരു അസുരന്റെ പക്ഷത്തു നില്‍ക്കുകയും ചെയ്തു. കേരളീയരുടെ നീതിബോധത്തിന്റെ തെളിവായി  ഇത് കണക്കാക്കാം.

മഹാബലി നിഷ്‌കാസിതനായ ശേഷം കേരളനാട്ടില്‍ കള്ളവും ചതിയും വഞ്ചനയും ബാലമരണവും മറ്റനേകം തിന്മകളും  നാള്‍ക്കുനാള്‍ പെരുകി വന്നു. വര്‍ഷത്തിലൊരിക്കല്‍ മഹാബലി തന്റെ ജനത്തെ കാണാന്‍ വരുമെന്നും ആ അവസരമാണ് ഓണമായി ആഘോഷിക്കുന്നതെന്നും കുട്ടികളോടെങ്കിലും നാം പറയാറുണ്ട്.

മഹാബലി ഭരിച്ചിരുന്ന കേരളം ഒരു മിഥ്യ മാത്രമാണെന്ന് കുട്ടികള്‍ വളരെപ്പെട്ടെന്ന്  തിരിച്ചറിയുന്നു. അഴിമതി,  സ്വജനപക്ഷപാതം, ബാലമരണം, ചതി, വഞ്ചന തുടങ്ങിയവയെക്കുറിച്ച് പത്രങ്ങളിലും മറ്റു മാധ്യമങ്ങളില്‍ നിന്നും വായിച്ചറിയുമ്പോള്‍ അവര്‍ വില്യം ഷേക്‌സ്പിയറിന്റെ  പ്രസിദ്ധമായ ഒരു വാക്യം ഓര്‍ത്തുപോകും ‘All are born equal, but some are born more equal’  ഓണത്തെക്കുറിച്ച് നാം മനസ്സില്‍ താലോലിക്കുന്ന സങ്കല്പമല്ല  യഥാര്‍ത്ഥത്തില്‍ ഓണമെന്ന് നമുക്കറിയാം. ഒരുപ്പൂ കൃഷിയും ഇരുപ്പൂ കൃഷിയും മാത്രമുണ്ടായിരുന്ന ഒരു കാലത്ത് കര്‍ക്കിടകത്തിലെ  വറുതിയുടെ കാലം കഴിഞ്ഞു വരുന്ന ചിങ്ങമാസം കൊയ്ത്തുകാലമാണ്. തൊടികളിലും പറമ്പുകളിലും പൂക്കള്‍ നിറയുന്നു. വയലുകളില്‍ കതിര്‍ക്കുലകളും പറമ്പുകളില്‍ വാഴക്കുലകളും മറ്റ് വിഭവങ്ങളും വിളയുന്ന സമൃദ്ധിയുടെ കാലം സന്തോഷത്തിന്റെ നാളുകളാണ് . ഈ സമൃദ്ധി കര്‍ഷകര്‍ക്കു മാത്രമല്ല, മറിച്ച് മീന്‍ പിടിക്കുന്നവര്‍ക്കും, കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും എല്ലാം ഉള്ളതായിരുന്നു. സമൃദ്ധിയുടെ ഈ നാളുകള്‍ ആഘോഷിക്കുന്ന ഉത്സവമായിരുന്നു ഓണം.

പണ്ട്  കേരളത്തിലെ ഓരോ പ്രദേശത്തും ലഭിക്കുന്ന വിഭവങ്ങള്‍ക്കൊണ്ട് ഓരോ വീട്ടുകാരും ഓണസദ്യ സ്വയം ഉണ്ടാക്കി കഴിക്കുമായിരുന്നു. കേരളത്തില്‍ കൃഷിയിടങ്ങള്‍ കുറയുകയും കാര്‍ഷിക വിഭവങ്ങള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ കടകളില്‍ നിന്ന് പച്ചക്കറികളും മറ്റും വാങ്ങി ഓണസദ്യ ഒരുക്കാന്‍ തുടങ്ങി. എന്നാല്‍ ഏതാണ്ട് പത്ത് പതിനഞ്ചു വര്‍ഷങ്ങളായി ഒരു പുതിയ പ്രവണത കണ്ടുവരുന്നു. ഏതെങ്കിലും ഒരു ഹോട്ടലില്‍ ഓണസദ്യ ബുക്ക് ചെയ്യുക. സമയമാകുമ്പോള്‍ മുഴുവന്‍ കുടുംബാംഗങ്ങളും അവിടെ ചെന്നിരുന്ന് ഓണസദ്യ കഴിക്കുക അല്ലെങ്കില്‍ കാറ്ററിംഗ് സര്‍വ്വീസ് വഴി ഓണസദ്യ വീട്ടിലെത്തിക്കുക. എങ്ങനെ കുറ്റം പറയാന്‍ കഴിയും ?  വാഴയില പോലും കിട്ടാന്‍ പ്രയാസമായ ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു കേരളം.

ഓണം ഗംഭീരമാക്കാന്‍ സര്‍ക്കാര്‍ പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്റെ എല്ലാ കടകളിലും ആവശ്യമായ അളവില്‍ മദ്യം എത്തിക്കുക എന്നതാണ് അതിലൊന്ന്. കേരളീയര്‍ക്ക് എല്ലാ ആഘോഷ വേളകളിലും മദ്യം ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു. പിന്നെ ഓണത്തിന്റെ കാര്യം പ്രത്യേകം പറയാനുണ്ടോ ?

കാര്‍ഷിക സംസ്‌കാരവും, തൊഴില്‍ സംസ്‌കാരവും നശിച്ചു കഴിഞ്ഞ കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉപ്പു മുതല്‍ കാര്‍ വരെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരേണ്ടിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ മറ്റു സംസ്ഥാനങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ ഓണം പോയിട്ട് നമ്മുടെ നിത്യജീവിതം പോലും സുഗമമാകുമെന്ന് തോന്നുന്നില്ല.

ഓണക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും  ജീവനക്കാര്‍ക്ക് ബോണസ് അല്ലെങ്കില്‍ ഫെസ്റ്റിവല്‍ അലവന്‍സ് നല്‍കിവരുന്നുണ്ട്. ഇത് അടുത്തകാലം വരെ 2200 രൂപ ആയിരുന്നു. ഇത് കൂടാതെ ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്കെല്ലാം 10,000 രൂപ വീതം വായ്പ നല്‍കാറുണ്ട്.  അഞ്ചു ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരുള്ള കേരളത്തില്‍ ബോണസ് അല്ലെങ്കില്‍ അലവന്‍സായി ഏറ്റവും കുറഞ്ഞത് 350 കോടി രൂപ ഓണക്കാലത്ത് നല്‍കാറുണ്ട്.

വായ്പയായി കുറഞ്ഞത് 300 കോടി രൂപ ഇതിനു പുറമേ നല്‍കാറുണ്ട്. അങ്ങനെ മൊത്തം 650 കോടി രൂപകൊണ്ട് മലയാളികള്‍ എന്താണ് ചെയ്യുന്നത് ?
ഓണക്കാലത്ത് വിഷമയമായ പച്ചക്കറികളും ടെലിവിഷന്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപഭോഗ വസ്തുക്കളും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നു. ഇവ വാങ്ങുന്നതിനായി ഭീമമായ തുക മലയാളികള്‍ ചെലവാക്കുന്നു. അതിരാവിലെ പൂവിളികള്‍ ഉയര്‍ന്നിരുന്ന ഓണക്കാലം നമുക്കുണ്ടായിരുന്നു. കുട്ടികള്‍ പറമ്പുകളില്‍ നിന്നും തൊടികളില്‍ നിന്നും പൂക്കള്‍ ശേഖരിക്കുമായിരുന്നു. അന്ന് ഏതാണ്ട് എല്ലാ വീട്ടുമുറ്റത്തും പൂക്കളം ഒരുക്കിയിരുന്നു. എന്നാല്‍ ഇന്ന് റസിഡന്‍സ് അസോസിയേഷനുകള്‍ക്കു പോലും പൂക്കളം ഇടുന്നത് താങ്ങാനാകാത്ത ഒന്നായി തീര്‍ന്നിരിക്കുന്നു. തമിഴ്‌നാട്ടിലെ തോവാളത്തു നിന്നും കോടിക്കണക്കിന് രൂപയുടെ പൂക്കളാണ് കേരളത്തിലെത്തുന്നത്. എന്നിട്ടും പ്ലാസ്റ്റിക്ക് പൂക്കളും നിറം ചേര്‍ത്ത വസ്തുക്കളും ഉപയോഗിച്ചാണ് പൂക്കളം ഇടുന്നത്. എന്തിനധികം പറയുന്നു ഒരു ഊഞ്ഞാല്‍ കെട്ടാന്‍ പോലും മലയാളിയുടെ തൊടിയില്‍ മരമില്ല.

പണ്ട് ഓണക്കാലത്ത് എല്ലാ പ്രദേശങ്ങളിലും ഓണക്കളികളും  ഓണപ്പാട്ടുകളും ഉണ്ടായിരുന്നു.  ഇന്ന് ഓണക്കളികള്‍ ടെലിവിഷനിലും ഓണപ്പാട്ടുകള്‍ കാസറ്റിലും ഒതുങ്ങിയിരിക്കുന്നു. ഇതിനു പരിഹാരമെന്നോണം 1977 ല്‍ കേരള സര്‍ക്കാര്‍ തുടങ്ങി വച്ച ഓണാഘോഷമുണ്ട്. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇത് സംഘടിപ്പിച്ചു വരുന്നത്. ഇത് ഏറെക്കുറെ തലസ്ഥാന നഗരത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. അനേകം പേര്‍ക്ക് പങ്കുപറ്റാന്‍ കഴിയുന്ന തരത്തിലുള്ള ഒരു ധൂര്‍ത്തു തന്നെയാണ് ഈ ഓണാഘോഷം. ഓണാഘോഷത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്രയ്ക്കു വേണ്ടി സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവിടുന്നത് കോടിക്കണക്കിന് രൂപയാണ്.

ഓണക്കാലത്ത് കേരളീയര്‍ നാടുകാണാന്‍ ഇറങ്ങുന്ന ശീലവും അസ്തമിച്ചു കഴിഞ്ഞൂ. നാടു കാണാന്‍ ഇറങ്ങുമ്പോള്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയും നാട്ടില്‍ നടക്കുന്ന കളികള്‍ കണ്ടാസ്വദിക്കുകയും ചെയ്തിരുന്ന കേരളീയര്‍ ഇത് ഇതൊക്കെ കാണുന്ന ടെലിവിഷന്‍ ചാനലിലൂടെയാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ ഒരു ചോദ്യം മനസ്സില്‍ ഉയരുന്നു. മലയാളികള്‍ ഓണം ആഘോഷിക്കുന്നത് ആര്‍ക്കു വേണ്ടിയാണ്? അവര്‍ക്ക് വേണ്ടിയല്ലെന്നത് തീര്‍ച്ച . മറിച്ച് മലയാളി ഓണം ആഘോഷിക്കുന്നത് തമിഴനും, കന്നടക്കാരനും, തെലുങ്കനും വേണ്ടിയാണ്. മലയാളി ഓണം ആഘോഷിക്കുമ്പോള്‍ അതിന്റെ ഗുണം അനുഭവിക്കുന്നത് അവരാണ്. അവരുടെ പിന്നീടുള്ള നാളുകള്‍ ഐശ്വര്യം നിറഞ്ഞതായി മാറുന്നു. മലയാളിയുടെ കീശയും സര്‍ക്കാരിന്റെ ഖജനാവും കാലിയാകുന്നു. ഇങ്ങനെ ഒരു ഓണം ആഘോഷിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഓണാഘോഷത്തിനായി നാം ധൂര്‍ത്തടിച്ചു കളയുന്ന സമ്പത്ത് സംസ്ഥാനത്തിലെ എല്ലാ ജനങ്ങള്‍ക്കും വേണ്ടി എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ കാര്‍ഷിക സംസ്‌കാരവും തൊഴില്‍ സംസ്‌കാരവും ഉയര്‍ത്തിയെടുക്കാന്‍ കഴിയുമോ എന്നു ആരായേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയുള്ള പരിശ്രമം നടത്തുമ്പോള്‍ മാത്രമേ ഓണം മലയാളിയുടേതായി മാറുകയുള്ളൂ. എങ്കില്‍ മാത്രമേ നമുക്കു പാടാന്‍ കഴിയൂ ‘മാവേലി നാടുവാണീടും കാലം ……………..’

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin