Canara Bank   The Special
Home » സാഹിത്യം » പുസ്തകാഭിപ്രായം » വൈകുണ്ഠസ്വാമികള്‍

വൈകുണ്ഠസ്വാമികള്‍

Vaikunda Swamikal

വൈകുണ്ഠസ്വാമികള്‍-

– സതീഷ്‌കിടാരക്കുഴി

ചരിത്ര പുരുഷന്മാരും, ചരിത്ര സംഭവങ്ങളും വേണ്ടത്ര പരിഗണനയും ശ്രദ്ധയും ലഭിക്കാതെ വിസ്മരിക്കപ്പെട്ടിട്ടുണ്ട്. വൈകുണ്ഠ സ്വാമിയുടെ ജീവിതവും സന്ദേശവും വേണ്ടത്ര പഠനങ്ങള്‍ക്കോ, പരിഗണനകള്‍ക്കോ വിധേയമായിട്ടില്ല. തിരുവിതാംകൂറിലെ രാജഭരണവും, ബ്രിട്ടീഷ് ആധിപത്യവും സാധാരണ ജനങ്ങളുടെ ജീവിത ഭാരം വര്‍ദ്ധിപ്പിച്ചിരുന്ന കാലം അന്യായമായ നികുതികളും അവകാശ നിഷേധവും അവര്‍ണരായ ജനവിഭാഗങ്ങളെ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുവാന്‍ ഇടവരുത്തി. എന്നാല്‍ കരുത്തരായ നേതൃത്വത്തിന്റെ അഭാവം സമരങ്ങളുടെ ശക്തി ക്ഷയിപ്പിച്ചു. ഈ സാഹചര്യത്തിലാണ് വൈകുണ്ഠ സ്വാമി സാധാരണ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഭരണകൂടത്തിനെതിരെ സമരം നയിച്ചത്. എന്നാല്‍ തിരുവിതാംകൂര്‍ ചരിത്രത്തില്‍ അക്കാലത്തെ ജനവിഭാഗങ്ങളുടെ അവശതകളെ കുറിച്ചോ, നീതി നിഷേധത്തെ കുറിച്ചോ കാര്യമായി പ്രതിപാദിച്ചിട്ടില്ല. ഇത്തരത്തില്‍ വിസ്മരിക്കപ്പെട്ടവരുടെ ജീവിത കഥയും അവരുടെ പ്രവര്‍ത്തന മണ്ഡലവും വരും തലമുറ അറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ആവശ്യം നിറവേറ്റുന്നതിനാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അറിവ് നിറവ്  എന്ന പുസ്തക പരമ്പരയിലൂടെ ശ്രമിക്കുന്നത്. ശ്രീ സതീഷ് കിടാരക്കുഴി രചിച്ച വൈകുണ്ഠസ്വാമിയുടെ ജീവിതചരിത്രം അറിവുനേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല ചരിത്രം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കും ഒരു കൈത്തിരി വെളിച്ചമാകും. പതിനാറ് അധ്യായങ്ങളിലായി വൈകുണ്ഠ സ്വാമിയുടെ ജീവിതകഥയും ദര്‍ശനങ്ങളും, സമരചരിത്രവും ലളിതമായ ശൈലിയില്‍ ആലേഖനം ചെയ്തിരിക്കുന്നു.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സമരം നയിച്ച വൈകുണ്ഠ സ്വാമി  എല്ലാ മതഗ്രന്ഥങ്ങളുടെയും സാരാംശം ചെറുപ്പത്തില്‍ തന്നെ സ്വായത്തമാക്കിയിരുന്നു. സ്വന്തം വീട്ടിലെ ആരാധനാ സമ്പ്രദായത്തെ തന്നെ മാറ്റി ആരാധനാ സമ്പ്രദായത്തിന് ഒരു പൂതിയ വഴിയൊരുക്കി സവര്‍ണാധിപത്യത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു.  സഞ്ചാര സ്വാതന്ത്യത്തിനുവേണ്ടി ശക്തിയായി വാദിച്ചു. ജോലി ചെയ്താല്‍ കൂലി ചോദിച്ചു വാങ്ങണം, ഊഴിയം വേല ചെയ്യരുത്. ഭൂനികുതി മാത്രമെ കൊടുക്കാവൂ. ആരെയും ഭയപ്പെടേണ്ട കാര്യമില്ല. മനുഷ്യരെല്ലാം സമന്മാരാണ്. ഉച്ചനീചത്വം വകവച്ചുകൊടുക്കരുത് തുടങ്ങിയ വൈകുണ്ഠ സ്വാമിയുടെ ആഹ്വാനങ്ങള്‍ സാധാരണ ജനവിഭാഗങ്ങളെ ഉദ്ബുദ്ധരാക്കി. എന്നാല്‍ സവര്‍ണ വിഭാഗവും ഭരണകൂടവും അതില്‍ അസ്വസ്ഥരായി. അവര്‍ അവര്‍ണ ജാതിക്കാരെ പലവിധത്തിലും കഷ്ടപ്പെടുത്തി. സമരത്തിനു നേതൃത്വം നല്‍കിയ വൈകുണ്ഠ സ്വാമിയെ കാരാഗൃഹത്തിലടച്ചു. അവര്‍ണ സമുദായത്തിലെ സ്ത്രീകളെ പാപ യോനികള്‍ എന്നാണ് സവര്‍ണ ജാതിക്കാര്‍ വിളിച്ചിരുന്നത്. മേല്‍ വസ്ത്രം ധരിക്കാനോ ആഭരണങ്ങള്‍ അണിയാനോ അവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. കഷ്ടപ്പാടിലും ദുരിതത്തിലും കഴിഞ്ഞിരുന്ന  അവര്‍ണ വിഭാഗങ്ങളെ വൈകുണ്ഠ സ്വാമിയുടെ നിര്‍ദ്ദേശങ്ങളും നേതൃത്വവും തങ്ങളുടെ ശക്തിയും, സ്വത്വവും …….തിരിച്ചറിയാന്‍ പ്രാപ്തരാക്കി. കണ്ണാടി പ്രതിഷ്ഠയിലൂടെ അവനവനില്‍ നിലനില്‍ക്കുനന്ന ദൈവീക ശക്തിയെ ബോദ്ധ്യപ്പെടുത്തി. കാറല്‍മാക്‌സ് കമമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് സമത്വം  എന്ന ആശയം വ്യക്തമാക്കുന്ന സമത്വ സമാജങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. സമപന്തിഭോജനത്തിലൂടെ അവര്‍ണ ജാതിക്കാരെ ഒരുമിപ്പിക്കുവാന്‍ ശ്രമിച്ചു.  അവര്‍ക്കു സംഘടിക്കുവാന്‍ ‘പതി’കള്‍ സ്ഥാപിച്ചു. പതികളോടനുബന്ധിച്ച് പഠനത്തിനുള്ള സൗകര്യമൊരുക്കി. ശരീരശുദ്ധി, മാനസികശുദ്ധി, സാമൂഹിക ശുദ്ധി എന്നിവയ്ക്ക് പ്രാധാന്യം കല്പിച്ചു. മാറുമറയ്ക്കാനുള്ള അവകാശ സമരത്തിന് ശക്തികൂടി. ഇത്തരം അവകാശസമരങ്ങളുടെ ഫലമായിട്ടാണ് 1859 ല്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മത വ്യത്യാസമില്ലാതെ മാറുമറയ്ക്കാനുള്ള അവകാശം ലഭിച്ചത്. ഒന്റേ ജാതി, ഒന്റേ മതം, ഒന്റേ ദൈവം, ഒന്റേ കുലം, ഒന്റേ ഉലകം, ഒന്റേ അരശ്, ഒന്റേ മൊഴി, ഒന്റേ നീതി എന്ന ആശയം സമത്വ സമാജത്തിന്റെ മുഖമൊഴികളായിരുന്നു.

സാധാരണക്കാരുടെ ജീവിത രീതികള്‍ക്ക്  ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയ വൈകുണ്ഠ സ്വാമിയുടെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും സമരങ്ങളും കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ട് എന്ന വസ്തുതയിലേക്ക് സതീഷ് കിടാരക്കുഴി രചിച്ച വൈകുണ്ഠ സ്വാമികള്‍ എന്ന പുസ്തകം വെളിച്ചം പകരുന്നു. ചരിത്ര വസ്തുതകള്‍ക്ക് പ്രാധാന്യം നല്‍കിയും ലഭ്യമായ പുസ്തകങ്ങള്‍ പഠന വിധേയമാക്കിയും സ്വാമിയുടെ പ്രവര്‍ത്തന മേഖലകള്‍ സന്ദര്‍ശിച്ചും തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം സ്വാമിയുടെ ജീവിതത്തെക്കുറിച്ച് സാമാന്യജ്ഞാനം നല്‍കുന്നു. മതപരമായ കാര്യങ്ങള്‍ക്കോ ഐതിഹ്യകഥകള്‍ക്കോ അമാനുഷമായ സിദ്ധികള്‍ക്കോ പ്രാമുഖ്യം നല്‍കിയിട്ടില്ല. എന്നിരുന്നാലും വിശ്വാസികളുടെ ഇടയില്‍ പ്രചരിച്ചിരുന്ന കാര്യങ്ങള്‍ സൂചകങ്ങളിലൂടെ വ്യക്തമാക്കുന്നുമുണ്ട്.

നവോത്ഥാനത്തിന്റെ തീപ്പന്തമായി മാറിയ വൈകുണ്ഠസ്വാമിയുടെ ലഘു ജീവചരിത്രം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമല്ല ചരിത്രഗവേഷകര്‍ക്കും പ്രയോജനപ്രദമാണ്. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 40 രൂപയാണ്.

മുക്കോല രത്‌നാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Directory powered by Business Directory Plugin